ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും-മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

 
സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ഇനി ആയുര്‍വേദ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നറിയപ്പെടും. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടവയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുക. ഈ സര്‍ക്കാര്‍ 118 തസ്തികകള്‍ ആയുര്‍വേദത്തിനായി മാത്രം സൃഷ്ടിച്ചു. ഇനിയും തസ്തികകള്‍ സൃഷ്ടിക്കേണ്ടി വരും. ആയുര്‍വേദത്തില്‍ വലിയ പാരമ്പര്യമുള്ള കേരളം ഔഷധ സസ്യങ്ങളുടെ കലവറയാണ്. സര്‍ക്കാറിന്റെ കീഴിലെ ഔഷധിയുടെ ആയുര്‍വേദ മരുന്നുല്‍പാദനം മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള പാരമ്പര്യ ചികിത്സകരെ പങ്കെടുപ്പിച്ച് കേരളം ജനുവരിയില്‍ ഇന്റര്‍നാഷനല്‍ ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുകയാണ്. മറ്റു രാജ്യങ്ങളിലേക്ക് ആയുര്‍വേദ മരുന്ന് കയറ്റി അയക്കുന്നതിനുള്ള ധാരണാപത്രം ഇതില്‍ ഒപ്പുവെക്കാന്‍ ഉദ്ദേശിക്കുന്നു.
പടിയൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥലമെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായി. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ തയാറാവുന്നു. പരിയാരം ഉള്‍പ്പെടെ സംസ്ഥാനത്തെ മൂന്ന് ആയുര്‍വേദ മെഡിക്കല്‍ കോളജുകളെ ആധുനികമാക്കും. സ്‌കൂളുകളില്‍ ആയുഷ് ക്ലബുകള്‍ രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.IMG-20181105-WA0017
ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷനല്‍ ആയുഷ് മിഷന്റെയും നേതൃത്വത്തിലുള്ള ജ്യോതിര്‍ഗമയ, കന്യാജ്യോതി, വര്‍ണ്യം, അമൃതകിരണം, ബസ്തി, ആരണ്യകിരണം എന്നീ ആറ് പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന രാരീരം പദ്ധതിയുടെ കൈപ്പുസ്തകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ആയുര്‍വേദ ചികിത്സക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ശ്രേഷ്ഠ വൈദ്യ പുരസ്‌കാരം ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരി, ഡോ. യു.കെ. പവിത്രന്‍, ഡോ. കെ.പി. ശ്രീനിവാസന്‍, ഡോ. കെ.കെ. സാവിത്രി, ഡോ. ഒ.കെ. നാരായണന്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്കും ആയുഷ് ക്ലബ് രൂപീകരണത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ മത്സരത്തിലെ വിജയിക്കും ആരോഗ്യമന്ത്രി സമ്മാനം നല്‍കി.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി. ഉത്തമന്‍, നാഷനല്‍ ആയുഷ് മിഷന്‍ (ഐ.എസ്.എം) സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, നാഷനല്‍ ആയുഷ് മിഷന്‍ (ഹോമിയോ) സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. ജയനാരായണന്‍, കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ശോഭന, ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. എസ്.ആര്‍ ബിന്ദു, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ. കെ.വി. ലതീഷ്, നാഷനല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. കെ.സി അജിത്ത് കുമാര്‍, ആയുര്‍വേദ മെഡിക്കല്‍ അസോയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. സാദത്ത് ദിനകര്‍ എന്നിവര്‍ സംസാരിച്ചു.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS