പഴവങ്ങാടിയിലെ കുട്ടന്‍ വൈദ്യന്‍ ബാലചികിത്സാലയം റെയ്ഡ് ചെയ്ത് പൂട്ടുകയും വ്യാജചികിത്സയെന്നാരോപിച്ച് മെഡിക്കല്‍ പ്രാക്ടീഷണറെ അറസ്റ്റ് ചെയ്യുകയും ചെയ്ത അലോപ്പതി ഡി.എം.ഒയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആയുര്‍വേദ ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
എഴുപതിലേറെ വര്‍ഷം പഴക്കമുള്ള ഈ ബാലചികിത്സാലയം ദിവസേന നൂറില്‍പരം കുട്ടികളെ പരിശോധിക്കുന്ന സ്ഥാപനമാണ്.
അവിടെ ചികിത്സ തേടിയ മൂന്ന് കുട്ടികള്‍ക്ക് ജന്നി വന്നു എന്നാരോപിച്ച് പരിശോധന നടത്താനും സ്ഥാപനം പൂട്ടിക്കാനും അലോപ്പതി ഡി.എം.ഒക്ക് അധികാരമില്ല. ആയുര്‍വേദത്തെ അവഹേളിച്ച ഡി.എം.ഒക്കെതിരെ നടപടിയെടുക്കണമെന്നും ബാലചികിത്സാലയം ഉടന്‍ തുറക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു.
എ.എം.എ.ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി.എ. സലിം ധര്‍ണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. രജിത്ത് ആനന്ദ്, അധ്യാപകസംഘടനാ പ്രസിഡന്‍റ് ഡോ. വി.കെ. അജിത്കുമാര്‍, ബി.ജെ.പി സംസ്ഥാന വക്താവ് വി.വി. രാജേഷ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അന്‍സാരി, ഡോ. കെ.വി. ബൈജു, ഡോ. ഷര്‍മദ്ഖാന്‍, ഡോ. ചിത്ര അശോക്, ഡോ. ജിതിന്‍ പണിക്കര്‍, ശ്യാംരാജ്, ഡോ. ഷംനാഥ്ഖാന്‍, ഡോ. ലീന എന്നിവര്‍ ധര്‍ണയെ അഭിവാദ്യം ചെയ്തു.