2021 ജൂൺ 8ന് ഭാരതത്തിൻ്റെ പ്രിയങ്കരനായ വൈദ്യ ശ്രേഷ്ഠൻ, ആയുർവേദ സമൂഹത്തിന്റെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന പത്മഭൂഷൻ പി.കെ.വാര്യർ സാറിന് നൂറുവയസ് പിന്നിടുന്ന ഈ സന്ദർഭത്തിൽ സാറിനും ആര്യവൈദ്യശാലക്കും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ എല്ലാ ഭാവുകങ്ങളും നേരുന്നു.
ആയുർവേദം ഒരു ജീവിതചര്യയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെ കാട്ടിത്തന്ന ഋഷിതുല്യനാണ് അദ്ദേഹം.
ആയുർവേദത്തിൻറെ നവോത്ഥാന കാലഘട്ടത്തിൽ തെരഞ്ഞെടുത്ത വേറിട്ട വഴികൾ അദ്ദേഹത്തിൻറെ ദീർഘവീക്ഷണത്തിൻ്റെ ദൃഷ്ടാന്തമായിരുന്നു. ആയുർവേദ വിദ്യാഭ്യാസം, വ്യവസായ വത്കരണം, ചികിത്സാകേന്ദ്രങ്ങൾ, ആയുർവേദപ്രചരണം തുടങ്ങി സമസ്ത മേഖലകളിലും മുന്നേ നടന്നു വഴികാട്ടിത്തന്നതും അദ്ദേഹമായിരുന്നു.
സംഘടനയുമായി എപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം എ.എം.എ.ഐ യുടെ രണ്ട് സംസ്ഥാന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 1984- ൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടന്ന നാലാം സംസ്ഥാനസമ്മേളനമായിരുന്നു ആദ്യത്തേത്. പിൽക്കാലത്ത് 2002-ൽ തിരൂർ തുഞ്ചൻ പറമ്പിൽ നടന്നസമ്മേളനവും സാർ ഉദ്ഘാടനം ചെയ്തു. മാത്രമല്ല 1982- ൽ ഡോ. ജോർജിയോ ഫിലിപ്പോ ബറാബിനോയുടെ നേതൃത്വത്തിൽ ആര്യവൈദ്യശാല സന്ദർശിച്ച ഇറ്റലിയിലെ ഐ.എ.എ.എൻ സംഘവും എ.എം.എ.ഐ നേതാക്കളുമായി ചർച്ച സംഘടിപ്പിച്ചതും പി.കെ.വാരിയർ സാറിന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു. എ.എം.എ.ഐയുടെ ഭാവി മുൻകൂട്ടി കണ്ട് വേണ്ട പിന്തുണ തുടക്കം മുതൽ തന്നെ അദ്ദേഹം നൽകിവന്നു. 2009 -ൽ അന്നത്തെ സർക്കാർ യോഗ്യതയില്ലാത്തവർക്ക് ചികിത്സാനുമതി നൽകിക്കൊണ്ട് ഉത്തരവ് ഇറക്കിയതിനെതിരെ ആയുർവേദ ഐക്യവേദി രൂപീകരിച്ചപ്പോൾ അതിന്റെ രക്ഷാധികാരിയായികൊണ്ട് അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ഇത്തരം വിഷയങ്ങളിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് ഉത്തമോദാഹരണമാണ്.
ലളിതമായ ജീവിതവും ഉന്നതമായ പ്രവൃത്തിയുമായി നമുക്ക് മാതൃകയായ മഹാരഥന് എ എം എ ഐ യുടെ സ്നേഹം അറിയിച്ചു കൊണ്ട്, പിറന്നാൾ ദിനമായ ജൂൺ 8 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിക്ക്, ആയുർവേദ ദിനചര്യയുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രശസ്ത ചികിത്സകനും ,മുൻ DAME യുമായ ഡോ. എം ആർ വാസുദേവൻ നമ്പൂതിരി പ്രഭാഷണം
നടത്തുന്നു.
എ എം എ ഐ യുടെ ഫേസ് ബുക്ക് പേജിൽ തത്സമയം നടത്തുന്ന പരിപാടിയിൽ, ഡോ. പി.എം.വാര്യരുടെ സാന്നിദ്ധ്യവുമുണ്ടാകും. കേരളത്തിലെ ആയുർവേദ രംഗമൊന്നാകെ ആദരവും സ്നേഹവും അറിയിക്കാനെത്തുന്നു. എ എം എ ഐ കുടുംബാംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കെടുക്കുന്നു. ഒരിക്കൽ കൂടി ഗുരുവര്യന് എല്ലാവിധ സ്നേഹാദരങ്ങളും അർപ്പിക്കുന്നു.
Facebook.com/ayurvedaamai
ഡോ. രാജു തോമസ്
പ്രസിഡണ്ട്,
എ എം എ ഐ
ഡോ. സാദത്ത് ദിനകർ ,
ജനറൽ സെക്രട്ടറി,
എ എം എ ഐ




