നാഷ്ണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ് ഔഷധ സസ്യ കൃഷി പ്രോത്സാഹനവും, ആദിവാസി ശാക്തീകരണവും. ഇത് മുന്നിൽ കണ്ടു കൊണ്ട് ഗോത്ര ജനവിഭാഗങ്ങൾക്കായി വരുമാനാധിഷ്ഠിതമായിട്ടുള്ള ജൈവ വയനാടൻ മഞ്ഞൾ കൃഷിയാണ് മഞ്ച എന്ന് പദ്ധതിയിലൂടെ ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്നത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൽ കോളനിയിൽ അവരുടെ തന്നെ ഒരേക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ 10 ഗുണഭോക്താക്കളുടെ ഒരു ക്ലസ്റ്റർ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് മഞ്ച എന്ന പേരിൽ ജില്ലാ രജിസ്റ്ററുടെ ഓഫീസിൽ ഒരു സ്വാശ്രയ സംഘമായി രജിസ്‌റ്റർ ചെയ്യുകയും ചെയ്തു.പദ്ധതിയുടെ വിത്ത് നടീൽ ഉദ്ഘാടനം 25-5-2022 ന് നടന്നിരുന്നു. ഈ പ്രവർത്തനത്തിന്റെ തുടർച്ചയായി മഞ്ചയുടെ വിളവെടുപ്പ് ഒരു ഉത്സവമായി വിവിധ ഗോത്ര കലാരൂപങ്ങളുടെ അകമ്പടിയോടെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിളവെടുപ്പ് ഉദ്ഘാടനം പ്രമുഖ കർഷകനും പത്മശ്രീ അവാർഡ് ജേതാവുമായ ശ്രീ. ചെറുവയൽ രാമൻ അവറുകളും ആദ്യ വിൽപ്പന ഉദ്ഘാടനം ബഹു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജസ്റ്റിൻ ബേബി അവറുകളും 4 – 3 -2023 ശനിയാഴ്ച്ച 3 മണിക്ക് വെള്ളമുണ്ട മുണ്ടക്കൽ കോളനിയിൽ വെച്ച് നിർവ്വഹിക്കുന്നു. ചടങ്ങിൽ സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട പ്രമുഖർ സംബന്ധിക്കുന്നു.